ദൈവത്തിന് അസാധ്യമായി ഒന്നും ഇല്ല

Fr Varghese Kaithon

Fr Varghese Kaithon

കർത്താവിൽ പ്രിയരേ,

പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗീയ മധ്യസ്ഥതയിൽ, ധന്യൻ മാർ ഈവാനിയോസ് തിരുമേനിയുടെ അനുഗ്രഹീത നേതൃത്വത്തിൽ വകയാർ ദേശത്ത് സമാരംഭിച്ച മലങ്കര സുറിയാനി കത്തോലിക്കാ സഭാ കൂട്ടായ്മ ഇന്ന് 330 കുടുംബങ്ങൾ ഉൾപ്പെടുന്ന പത്തനംതിട്ട ഭദ്രാസനത്തിലെ പ്രധാന ഇടവകകളിൽ ഒന്നായി വളരുവാൻ സർവ്വശക്തനായ ദൈവം അനുഗ്രഹിച്ചു.

കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലായിരുന്ന പഴയ ദൈവാലയത്തിന് പകരമായി പുതിയ ദൈവാലയം നിർമ്മിക്കുക എന്നത് ഇടവക ജനത്തിന്റെ ചിരകാല സ്വപ്നമായിരുന്നു. 'ദൈവത്തിന് ഒന്നും അസാധ്യമല്ല' എന്ന ദൈവീക വാഗ്ദാനത്തിൽ വിശ്വസിച്ചുകൊണ്ട് ആരംഭിച്ച പുതിയ ദേവാലയ നിർമ്മാണം ദൈവകൃപയാൽ പൂർത്തിയായിരിക്കുന്നു.

ദൈവാലയത്തിന്റെ മൂറോൻ കൂദാശ 2026 ഏപ്രിൽ 11 ശനി രാവിലെ 9 ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മൂറോൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിലും, പത്തനംതിട്ട ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തായുടെയും, ഭദ്രാസന പ്രഥമ അധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തായുടെയും, സഭയിലെ അഭിവന്ദ്യ പിതാക്കന്മാരുടെയും സഹകാർമ്മികത്വത്തിലും നടത്തി ദൈവജനത്തിനും നാടിനും സമർപ്പിച്ചു.

  • വാസമയോഗ്യമായ ഭവനം ഇല്ലാത്ത 8 കുടുംബങ്ങൾക്ക് ഭവനം നിർമ്മിച്ച് നൽകിയ ശേഷമാണ് ദേവാലയ നിർമ്മാണം ആരംഭിച്ചത്. പുതിയ ദേവാലയത്തിന്റെ കൂദാശയ്ക്ക് മുൻപ് 9-ാമത്തെ ഭവനം നിർമ്മിച്ച് കൂദാശ ചെയ്ത് അർഹതപ്പെട്ട ഒരു കുടുംബത്തിന് നൽകുവാൻ ദൈവം സഹായിച്ചു.
  • 5 വർഷം കൊണ്ട് പണി പൂർത്തിയാക്കണമെന്ന് വിഭാവനം ചെയ്ത പള്ളിയുടെ നിർമ്മാണം മൂന്നു വർഷം തികയാൻ രണ്ടുമാസം കൂടി അവശേഷിക്കെ മനോഹരമായി പൂർത്തിയാക്കുവാൻ കഴിഞ്ഞു.
  • ഈ കാലയളവിൽ ദേവാലയത്തിനോട് ചേർന്ന് 10 സെന്റ് സ്ഥലം കൂടി വാങ്ങിക്കുവാൻ സാധിച്ചത് ദൈവാനുഗ്രഹമായി കരുതുന്നു.
  • നിർബന്ധിത പിരിവുകൾ ഒന്നുമില്ലാതെ ദേവാലയ നിർമ്മാണത്തിന് ആവശ്യമായ തുക ശേഖരിക്കുവാൻ സാധിച്ചത് ഒരു ദൈവാനുഗ്രഹവുമായി കാണുന്നു.
  • ഇടവകാംഗങ്ങൾ അല്ലാത്ത ധാരാളം പേർ ജാതി മത സഭാ വ്യത്യാസം കൂടാതെ സാമ്പത്തികമായി സഹായിച്ചതു കൊണ്ടുകൂടിയാണ് ആഗ്രഹിച്ചതിനേക്കാൾ വളരെ വേഗത്തിൽ പണി പൂർത്തിയാക്കുവാൻ സാധിച്ചത്. അതിനാൽ തന്നെ ഈ ദേവാലയം 'വകയാർ പള്ളി' എന്ന വിശേഷണത്തിന് ഏറ്റവും യോഗ്യമാകുന്നു.
  • ഈ ദേവാലയ നിർമ്മാണത്തിൽ സഹകരിച്ച എല്ലാവരെയും ദൈവ സന്നിധിയിൽ പ്രാർത്ഥനാപൂർവ്വം സമർപ്പിക്കുന്നു. ദൈവത്തിന് എല്ലാം സാധ്യമാണെന്ന് ആവർത്തിച്ച് വിശ്വസിക്കുവാൻ ഒരു ജനതയെ പ്രാപ്തമാക്കുന്ന സകല ജനങ്ങളുടെയും പ്രാർത്ഥനാലയം, ദൈവ ജനത്തിനും ദേശത്തിന്റെ അനുഗ്രഹത്തിനുമായി സമർപ്പിക്കുന്ന ഈ സന്തോഷത്തിൽ പങ്കുചേരുവാൻ ഏവരെയും ദൈവനാമത്തിൽ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ദൈവനാമത്തിൽ ഞങ്ങളോടൊപ്പം ചേരാൻ എല്ലാവരെയും ഞങ്ങൾ ഹൃദയപൂർവ്വം ക്ഷണിക്കുന്നു.